വിൻഡോസിൽ നിന്നും ലിനക്സിലേക്കുള്ള ആദ്യ ചുവടുവെപ്പുകൾ
ഇതുവരെ വിൻഡോസ് ഉപയോഗിച്ചുകൊണ്ടിരുന്നവർക്കു് ലിനക്സ് രൂപത്തിലുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളായ ഉബുണ്ടു, ഫെഡോറ, ഡെബിയൻ തുടങ്ങിയവയിൽ ഒന്നിലേക്കു് ക്രമേണ മാറണമെങ്കിൽ എന്തൊക്കെ ഒരുക്കപ്പാടുകൾ വേണ്ടി വരും?
നമുക്കൊരു ലിസ്റ്റ് തയ്യാറാക്കാം. ഈ ലിസ്റ്റ് നാം അവലംബിക്കുന്ന ഇൻസ്റ്റലേഷൻ രീതിയനുസരിച്ച് കാര്യമായി വ്യത്യാസപ്പെട്ടെന്നു വരാം:
- പ്രവർത്തനസജ്ജമായ ഒരു കമ്പ്യൂട്ടർ, അതിൽ 20 GB യെങ്കിലും ഒഴിവുസ്ഥലമുള്ള ഒരു ഹാർഡ് ഡിസ്ക്
- ലിനക്സിന്റെ ഏകദേശം പുതിയ വേർഷൻ അടങ്ങിയ ഒരു CD/DVD (അല്ലെങ്കിൽ ഇതിനുപകരം 4 അല്ലെങ്കിൽ 8 GB എങ്കിലും ധാരിതയുള്ള ഒരു ഫ്ളാഷ് ഡ്രൈവും നമുക്കു ശരിയാക്കിയെടുക്കാം).
- ദിവസേന ഒരു മണിക്കൂർ വെച്ചെങ്കിലും ഒന്നോ രണ്ടോ ആഴ്ചത്തേക്കെങ്കിലും സ്വതന്ത്രവും ഏകാഗ്രവുമായ സമയം.
- അടിസ്ഥാന ഹാർഡ്‌വെയറിനെക്കുറിച്ചും ബൂട്ടിങ്ങ് എന്ന പ്രക്രിയയെക്കുറിച്ചും സ്വല്പം അറിവു്.
- സ്വല്പം ക്ഷമ. ഭൂമിയോളം വേണ്ട. പക്ഷേ നെല്ലിക്കയോളം പോര താനും!
ഇതിനുപുറമേ, വിശ്വസ്തമായ ഒരു ഇന്റർനെറ്റ് കണക്ഷൻ, കഴിയുമെങ്കിൽ ബ്രൗസർ അടക്കമുള്ള ഒരു മൊബൈൽ ഫോൺ എന്നിവയും നല്ലതാണു്. ഇടക്കുവെച്ച് എന്തെങ്കിലും തടസ്സം വന്നാൽ ഏറ്റവും എളുപ്പം എത്തിപ്പിടിക്കാൻ പറ്റുന്ന ഉപദേശവും സഹായവും ലഭിക്കാൻ നല്ലതു്, കൃത്യവും സമർത്ഥവുമായ വാക്കുകൾ ഉൾപ്പെടുത്തിയ ഒരു ഗൂഗിൾ സെർച്ച് തന്നെ!
കമ്പ്യൂട്ടർ
ഇതു ഡെസ്ക്ടോപ്പോ ലാപ്ടോപ്പോ ആവാം. ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടർ തന്നെയോ അല്ലെങ്കിൽ, പഴക്കവും വേഗക്കുറവും മൂലം മാറ്റിവെച്ചിരിക്കുന്ന, എങ്കിലും ഉപയോഗശൂന്യമായതെന്നു് ഇനിയും മനസ്സ് അംഗീകരിക്കാത്ത ഒന്നുമാവാം. എന്തായാലും മിക്കവാറും എല്ലാ ഘടകങ്ങളും പ്രവർത്തനസജ്ജമായ ഒരു കമ്പ്യൂട്ടറായിരിക്കണം അതു്.
നിങ്ങളുടെ കമ്പ്യൂട്ടറിനു് 7-8 വർഷമേ പഴക്കമുള്ളൂ എങ്കിൽ അത്യാവശ്യം നന്നായി ഉബുണ്ടു ഓടിക്കാൻ അതുമതിയാവും.
ഇനി കമ്പ്യൂട്ടറിന്റെ ഹാർഡ് വെയറിനെപ്പറ്റി സ്വല്പം അറിഞ്ഞുവെക്കാം:
ബൂട്ട് ഡ്രൈവ്
കമ്പ്യൂട്ടർ ഓൺ ചെയ്തുകഴിഞ്ഞാൽ ആദ്യഘട്ടമായി അതുതന്നെ സ്വയം നടത്തേണ്ട സ്വയം-പരിശോധന മുതൽ ഏതാണോ ഓപ്പറേറ്റിങ്ങ് സിസ്റ്റം അതിന്റെ എല്ലാ അടിസ്ഥാനഘടകങ്ങളും മെമ്മറിയിലേക്കു് ആവാഹിച്ച്, നമുക്കു് കീബോർഡും സ്ക്രീനും ഉപയോഗിക്കാൻ തക്ക അവസ്ഥയിലേക്കെത്തുന്നതുവരെയുള്ള പ്രക്രിയയാണു് ബൂട്ടിങ്ങ്.
ബൂട്ടിങ്ങിൽ നടക്കുന്ന വിവിധ ഘട്ടങ്ങൾ ചുരുക്കത്തിൽ:
1. കമ്പ്യൂട്ടറിലെ പവർ ഓൺ ആവുന്നു.
2. കമ്പ്യൂട്ടറിലെ ഏറ്റവും ചെറുതും എന്നാൽ സ്ഥിരവും പ്രധാനവുമായ അടിസ്ഥാന പ്രോഗ്രാം (BIOS) ആരംഭിക്കുന്നു.
3. ബയോസിൽ രേഖപ്പെടുത്തിവെച്ചിട്ടുള്ള ക്രമത്തിൽ, കമ്പ്യൂട്ടറിന്റെ പ്രധാന ചിപ്പുകൾ, മെമ്മറി (RAM), വീഡിയോ, കീ ബോർഡ് തുടങ്ങിയ ഘടകങ്ങളും അനുബന്ധ ഉപകരണങ്ങളും ശരിയായി പ്രവർത്തിക്കുന്നില്ലേ എന്നു പരിശോധിക്കപ്പെടുന്നു.
4. കമ്പ്യൂട്ടറിനകത്തുള്ള നിതാന്തസമയസൂചിക (Real Time Clock) രിയായി പ്രവർത്തിക്കുന്നില്ലേ എന്നു പരിശോധിക്കപ്പെടുന്നു.
5. കമ്പ്യൂട്ടറിൽ ഹാർഡ് ഡിസ്ക്, സീഡി, USB / ഫ്ലാഷ് ഡ്രൈവ്, നെറ്റ്‌വർക്ക് ഇവയിൽ ഏതൊക്കെ ഘടിപ്പിച്ചിട്ടുണ്ടെന്നും അവയെല്ലാം സാമാന്യം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുന്നു.
ഇത്രയും കാര്യങ്ങൾ മിക്കവാറും എല്ലാ കമ്പ്യൂട്ടറുകളിലും ഒരേ വിധത്തിലാണു നടക്കുക. ഇത്രയും കാര്യക്രമങ്ങൾ എഴുതിവെച്ചിരിക്കുന്നതു് കമ്പ്യൂട്ടറിന്റെ തന്നെ ഉള്ളിലുള്ള ഒരു പ്രത്യേക തരം സ്ഥിരം മെമ്മറി ചിപ്പിലാണു്. ഇതിനെ BIOS / CMOS /EEPROM എന്നെല്ലാം പറയുന്നു.
BIOS സെറ്റിങ്ങ്സ് അഥവാ CMOS Configuration
ബയോസിന്റെ ജോലി വളരെ പ്രധാനപ്പെട്ടതാണെങ്കിലും ഏറ്റവും അടിസ്ഥാനകാര്യങ്ങൾ മാത്രമേ അവയിൽ ഉൾപ്പെടുന്നുള്ളൂ. അതു കഴിഞ്ഞാൽ, ഈ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടമായി കൂടുതൽ വിശാലമായ ഒരു പ്രോഗ്രാം തുടങ്ങണം.
ആ പ്രോഗ്രാമാണു് ഓപ്പറേറ്റിങ്ങ് സിറ്റം എന്നറിയപ്പെടുന്നതു്. വിൻഡോസ്, ഉബുണ്ടു, ഫെഡോറ, മാൿ (iOS),ആൻഡ്രോയ്ഡ് തുടങ്ങിയവയൊക്കെ കമ്പ്യൂട്ടറിന്റെ മേൽനോട്ടം ഏറ്റെടുക്കുന്നതു് ഈ ഘട്ടത്തിലാണു്.
അതിനാൽ, ബയോസിന്റെ ഏറ്റവും ഒടുവിലെ ജോലി, ആരാണു് തുടർന്നു് സിസ്റ്റം നോക്കിനടത്താൻ പോകുന്നതെന്നു് തിരിച്ചറിഞ്ഞു് കൃത്യമായി അയാൾക്കുതന്നെ കണ്ട്രോൾ ഏൽപ്പിച്ചുകൊടുക്കുകയാണു്.
ഈ തീരുമാനത്തിൽ നമുക്കു് ചെറുതായി ഇടപെടാൻ പറ്റും. അതിനാണു് CMOS (അഥവാ BIOS settings).
ഓരോ മോഡൽ കമ്പ്യൂട്ടറിലും ഈ സെറ്റിങ്ങുകൾ ചെയ്യാൻ വേണ്ടി ഒരു പ്രത്യേക കീ അമർത്തണം. കമ്പ്യൂട്ടർ ഓൺ ചെയ്ത ആദ്യ സെക്കൻഡുകൾക്കുള്ളിലാണു് ഇതു ചെയ്യേണ്ടതു്. ആ കീ അമർത്തുന്നതോടെ, ലഘുവായ ഒരു പട്ടികയും മെനുവും സ്ക്രീനിൽ കാണാം. (മിക്കപ്പോഴും ചിത്രങ്ങൾ ഇല്ലാതെ, ടെക്സ്റ്റ് മാത്രമായി).
ഈ സ്ക്രീനിൽ ചില സെറ്റിങ്ങുകൾ നമുക്കു് മാറ്റാൻ കഴിയും. ഉദാഹരണത്തിനു്: ഇപ്പോഴത്തെ സമയവും തീയതിയും, BIOS പാസ്സ്‌വേർഡ്, ഹാർഡ് ഡിസ്കുകളുടേയും മറ്റും വിവരങ്ങൾ തുടങ്ങിയവ.
ഇതിൽ ഒരു പ്രധാനപ്പെട്ട, നമുക്കാവശ്യം വരുന്ന സെറ്റിങ്ങ് ആണു് Boot order.
ഏതു് ഹാർഡ് ഡിസ്കിൽ നിന്നാണു് അല്ലെങ്കിൽ സീഡി റോമിൽ നിന്നാണു് ഓപ്പറേറ്റിങ്ങ് സിസ്റ്റം ലോഡ് ചെയ്യേണ്ടതെന്നു് Boot order-ൽ സെറ്റ് ചെയ്തുവെക്കാനാവും. സാധാരണ ഗതിയിൽ ഇതു് കമ്പ്യൂട്ടറിലെ ഒന്നാമത്തെ ഹാർഡ് ഡിസ്കിൽ നിന്നുതന്നെയായിരിക്കും. പക്ഷേ, ഒരു CDയിൽ നിന്നോ ഫ്ളാഷ് ഡ്രൈവിൽനിന്നോ പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്ന സമയത്തു് നാം ഈ സെറ്റിങ്ങ് മാറ്റി പകരം ആ സീഡിയുടെ പേരു ചേർത്ത് സെറ്റിങ്ങ് സേവ് ചെയ്യണം.
പക്ഷേ, ആവശ്യമുള്ള പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഒരിക്കൽ നമ്മുടെ ഹാർഡ് ഡിസ്കിലേക്കു പകർത്തിക്കഴിഞ്ഞുവെന്നിരിക്കട്ടെ. അപ്പോൾ വീണ്ടും ഇപ്പറഞ്ഞ സെറ്റിങ്ങ് മുമ്പത്തേതിലേക്കു മാറ്റുകയും വേണം.
ചില കമ്പ്യൂട്ടറുകളിൽ ഇതൊന്നും ചെയ്യാതെത്തന്നെ തുടക്കത്തിൽ, മറ്റൊരു കീ മാത്രം അമർത്തി, നമുക്കാവശ്യമുള്ള ബൂട്ട് ഡിസ്ക് തെരഞ്ഞെടുക്കാം. അങ്ങനെ പറ്റുമെങ്കിൽ, നിങ്ങൾക്കു് ബയോസ് സെറ്റിങ്ങുകളെപ്പറ്റി അധികം ആധി പിടിക്കേണ്ടി വരികയില്ല.
ഇനി, പ്രചാരത്തിലുള്ള ചില ബ്രാൻഡുകളുടെ ബൂട്ട് കീ സീക്വൻസുകൾ താഴെ കൊടുക്കുന്നു:
ഇവ പരീക്ഷിച്ചുനോക്കുന്നതുകൊണ്ടുമാത്രം നിങ്ങളുടെ കമ്പ്യൂട്ടറിനു് പ്രശ്നങ്ങളൊന്നുമുണ്ടാവില്ല. അഥവാ, ചെയ്യുന്നതെന്താണെന്നു് ഉറപ്പില്ലെങ്കിൽ ഒടുവിലെ സ്റ്റെപ്പായ save and exit അല്ലെങ്കിൽ save മാത്രം ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇനി അഥവാ സേവ് ആയാലും വീണ്ടും ഇതേ മെനുവിൽ തിരിച്ചുവന്നു് പഴയ സ്ഥിതി പുനഃസ്ഥാപിക്കാവുന്നതാണു്. (എങ്കിൽ പോലും പാസ്സ്‌വേർഡ് മാറ്റിയിരുന്നെങ്കിൽ പുതിയ പാസ്സ്വേർഡ് ഓർത്തുവെക്കാൻ മറക്കരുതു്.)
മുകളിൽ വിവരിച്ചിട്ടുള്ളതു് എളുപ്പമല്ലെന്നോ മനസ്സിലാവുന്നില്ലെന്നോ തോന്നുന്നുണ്ടോ? കമന്റുകളിലൂടെ അറിയിക്കുക. കൂടുതൽ വ്യക്തമാക്കാം.