Thursday, September 8, 2016

അടിസ്ഥാന പദങ്ങളും അവയുടെ വിശദീകരണങ്ങളും

  ഉബുണ്ടു

 GNU-Linux (ഗ്നു-ലിനക്സ്) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ പ്രവർത്തകസംവിധാനം (ഓപ്പറേറ്റിങ്ങ് സിസ്റ്റം).

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഒരു കമ്പ്യൂട്ടറിന്റെ വിവിധ ഹാർഡ് വെയർ ഘടകങ്ങൾ, ഉപയോക്താവ്, സോഫ്റ്റ്‌വെയർ ആപ്ളിക്കേഷനുകൾ, നെറ്റ്‌വർക്ക്  ഇവ തമ്മിലുള്ള  പരസ്പരവിനിമയം സുഗമമാക്കുന്ന അടിസ്ഥാന സോഫ്റ്റ്‌വെയർ.

Xenial LTS

ഉബുണ്ടുവിന്റെ 16.04 എന്ന പതിപ്പിന്റെ അപര നാമം. ഇതിൽ Xenial എന്നതു് വേർഷന്റെ കോഡ് പേരും LTS എന്നതു്  Long Term Support എന്നതിന്റെ ചുരുക്കപ്പേരുമാണു്. ഉബുണ്ടുവിന്റെ ദീർഘകാലപിന്തുണയുള്ള വേർഷനുകൾ രണ്ടോ മൂന്നോ വർഷത്തേക്കു് അപ്‌ഗ്രേഡ് ചെയ്യാതെത്തന്നെ ഏറെക്കുറെ സുഗമമായി ഉപയോഗിക്കാം.
16.04 എന്ന പതിപ്പിന്റെ നമ്പർ 2016 ഏപ്രിൽ എന്നർത്ഥമാക്കുന്നു. ഉബുണ്ടു പോലുള്ള ചില ലിനക്സ് രൂപങ്ങൾ എല്ലാ വർഷവും കൃത്യമായി ഏപ്രിലിലും ഒക്ടോബറിലും പുതുക്കപ്പെടാറുണ്ടു്. അവയുടെ വേർഷൻ നമ്പറുകൾ ആ ക്രമത്തിൽ 14.04, 14.10,15.04, 15.10,16.04,16.10... എന്നിങ്ങനെ തുടരുന്നു.

ബൂട്ട് / ബൂട്ടിങ്ങ്

ഒരു കമ്പ്യൂട്ടർ പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ പവർ സ്വിച്ച് ഓൺ ആയതുമുതൽ ആദ്യമായി ഉപയോക്താവിനു് കീബോർഡും സ്ക്രീനും വഴി നിയന്ത്രണം ഏറ്റെടുക്കാൻ കഴിയുന്നതുവരെയുള്ള ഘട്ടം.

റീ-ബൂട്ടിങ്ങ്

പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടർ സ്വാഭാവികമായോ ആകസ്മികമായോ നിർത്തിയിട്ട് വീണ്ടും ആദ്യം മുതൽ ആരംഭിക്കുന്ന പ്രക്രിയ.

i386 / AMD64

മിക്ക ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളും ഇപ്പോൾ 32 ബിറ്റ്, 64 ബിറ്റ് എന്നിങ്ങനെ രണ്ടു വിധത്തിൽ പുറത്തിറങ്ങുന്നുണ്ടു്. താരതമ്യേന പഴയ കമ്പ്യൂട്ടറുകളിൽ 32 ബിറ്റ് , പുതിയ കമ്പ്യൂട്ടറുകളിൽ 64 ബിറ്റ് എന്നിങ്ങനെ ഏറെക്കുറെ കണക്കാക്കാം. ഈ ബ്ലോഗിൽ i386 എന്നതു്  ഉബുണ്ടുവിന്റെ 32 ബിറ്റ് വേർഷനേയും AMD64 എന്നതു് 64ബിറ്റ് വേർഷനേയും സൂചിപ്പിക്കുന്നു.


No comments:

Post a Comment